Thursday, March 19, 2009

Blast from the past- - നിന്‍റെ കണ്ണുകള്‍


നിന്‍റെ പേരെനിക്കറിവീല 
ഹിന്ദുക്കുഷിന്‍റെ താഴ്വാരങ്ങളില്‍
നീയെന്നെ തുറിച്ചു നോക്കുന്നു 
നിന്‍റെ വരണ്ട കണ്ണില്‍ 
ചോദ്യങള്‍ തിളച്ചു മറിയുന്നു.  

എന്‍റെ നിറഞ്ഞതാലത്തില്‍
സുഖത്തിന്‍ മരന്ദം കനയ്ക്കുവാനായുന്നു,
എന്‍റെ രമ്യഹര്‍മങ്ങള്‍, 
പളുങ്കുസ്നേഹത്തിന്‍ മാര്‍ബിള്‍മേടകള്‍ 
നിന്‍റെ ചോദ്യത്തില്‍ വിറച്ചുവീഴുന്നു.  

ഒരിറക്കുജലമില്ലാതെ 
ജീവന്‍ വെടിഞ്ഞനിന്‍ കുഞ്ഞിന്‍റെ
ഓര്‍മകള്‍ തല്ലിക്കെടുത്തി
'മിനറല്‍ വാട്ടറില്‍' മഴനൃത്തം ചവിട്ടിഞാന്‍.  
നിന്‍റെ ജന്മപരമ്പരകള്‍ 
മരച്ചമണ്ണിലായിരം നുകം താഴ്ത്തിവശംക്കെട്ടു 
പിന്നോട്ടു മറിഞ്ഞുവീഴുന്നു, 
വിയര്‍പ്പിന്‍റെയംശവും ഛേദിക്കപ്പെട്ടു 
നിരാലംബജീവികള്‍ അപ്പത്തിനായി കേഴുന്നു. 
'കറുത്തുപിടച്ചയീജീവികളേതെന്ന' ചോദ്യം 
ഞങ്ങളുടെ ഗവേഷകര്‍ക്കത്ഭുതമായിരുന്നു!  

ഇന്നവരുടെ കണ്ണുകള്‍ മാര്‍ജാരമിഴികളായി 
ഞങ്ങളുടെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കുന്നു.
ചോദ്യങ്ങള്‍ ഛേദിച്ചെറിയുന്നു
പൊള്ളസംസ്കൃതിയുടെ നിശ്ശബ്ദതകെളെ!  

പണ്ടെന്‍റെ പിതാമഹന്‍ 
നിന്‍റെ കണ്ണിലേക്ക്‌ അമ്മ്ലംചൊരിഞ്ഞു 
ചെയ്ത പരീഷണങ്ങള്‍. 
ചോദ്യം ചെയ്ത കണ്ണുകള്‍ ചൂഴ്ന്നെടുത്തു
നഗരകവാടം നിറച്ചെന്‍റെ പൂര്‍‌വികന്‍;

ഞങ്ങള്‍ നിനക്കു ആശിര്‍‌വദിച്ചു നല്‍കുന്നു 
ആണവയുച്ഛിഷ്ടങ്ങള്‍; 
നിന്‍റെ തലമുറയ്ക്കു കറുത്തീയത്തിന്‍ 
മലിനജലം വാഴ്ത്തിത്തരുന്നു. 
സ്വാതന്ത്ര്യത്തിന്‍ കരുത്തനാം ദൈവം 
നിന്‍റെ പിഴച്ചക്കണ്ണുകളെ ശുദ്ധീകരിക്കട്ടെ!  
പീതവര്‍ണ്ണത്തിന്‍ സംഹാരമുനകളും 
അപ്പക്കഷ്ണങ്ങളും 
ഞങ്ങളുടെ ഉരുക്കുപ്പറവകള്‍ വര്‍ഷിച്ചില്ലേ.  


ഇന്നു നിന്‍‌ക്കണ്ണുകള്‍ 
പട്ടുടയാടകള്‍ക്കു തീ കൊളുത്തുന്നു, 
എന്‍റെ വീഞ്ഞില്‍
വിഷപ്പകര്‍‌ച്ചകള്‍ നടനമാടുന്നു. 
നഗരക്കവാടത്തിലെ കണ്ണുകളായിരം 
നിന്‍റെ പിറകിലായി അണിനിരക്കുന്നു; 
എന്‍റെ നഗരം ചുട്ടുപഴുക്കുന്നു; 
നിന്‍റെ കണ്ണൂകളാകാശത്തേയ്ക്കുയര്‍‌ന്നു 
ഗന്ധകവും തീമഴകളും തീര്‍ക്കുന്നു.


I wrote the poem 6 years back I guess! It must be sometime around Afghan Invasion. The eyes of Sarbath Gula had always haunted me. Although her pic was used as a propagnda against Soviet invasion, I had in my mind her as an image reminding us of all the refugees and all impending tragedies.

No comments: