ഞാൻ നിന്നെ സ്നേഹിക്കുന്നു
നദിയിലേയ്ക്കാര്‍ത്തനായി പായുന്ന
കൈത്തോടു പോലെ;
ഭൂമിയെ ചുംബിക്കാൻ കുതറി വീഴുന്ന
ഒരു മഴത്തുള്ളി പോലെ;
കൊടുംകോലാഹലത്തിന്‍റെ നഗരത്തിൽ
തന്‍റെ അന്ധഗായകനെ
തിരയുന്ന ബാംസുരി പോലെ
പച്ചിലച്ചാർത്തുകളിൽ
സുരക്ഷിതമായ കിളിക്കൂടു തേടുന്നു
എന്‍റെ നഷ്ടകാമനകാലത്തിൻ
അപൂര്‍ണസ്വപ്നങ്ങളുടെ നിറവിനായി.
ഇതന്‍റെ പ്രേമലേഖനം.
കൊടുങ്കാറ്റിന്‍റെ ആരവങ്ങള്‍ക്കിടയിൽ
ഒരു മെഴുതിരിവെട്ടത്തിന്‍റെ ജ്വലനം.
നിത്യാന്ധകാരത്തിന്‍റെ കല്ലിച്ചസന്ധ്യയിൽ
എന്നിലുണര്‍ന്നിരിക്കുന്ന അകക്കണ്ണ്.
സ്വപ്നങ്ങളുടെ വ്യാഖ്യാനം
ദുര്‍ഗ്രഹമായി ചിതറിതെറിക്കുന്ന
ബിംബകരാളതകള്‍ക്കിടയിൽ
അപ്രാപ്യമായ സംഗീതപ്രവാഹം.
ചിതറിയവര്‍ണ്ണങ്ങൾ
നിന്‍റെ ചിത്രത്തിൽ
പൂര്‍ണ്ണത കണ്ടെത്തെട്ടെ.
No comments:
Post a Comment